അരങ്ങ് അതിജീവനം

ഉറക്കെയുറക്കെ പാടണം, നൃത്തം ചവിട്ടണം, നാടകം കളിക്കണം, കണ്ണീരും സ്വപ്‌നങ്ങളും കുതിർന്ന ഈ മണ്ണിൽ ഇനിയുമേറെയുണ്ട് ചെയ്യാൻ. യാത്രയ്‌ക്കിടയിൽ ചിലപ്പോൾ തളർച്ച വന്നേക്കാം. കിതപ്പാറ്റി പിന്നീടുള്ള പ്രയാണം, അതും കാലത്തിന്റെ അനിവാര്യത. ജീവിതം അങ്ങനെയുമാകാം. ഉയർന്ന കർട്ടനുമുന്നിൽ നടൻ ആടിത്തീർക്കേണ്ട നിമിഷങ്ങൾ. അവിടെ അരങ്ങ് പറയും ചിലപ്പോൾ ചില അതിജീവന കഥ. കുപ്പുസ്വാമി മരുതൻ, വർഷങ്ങൾക്കു മുമ്പ് അട്ടപ്പാടിയിൽനിന്ന് നാടകപഠനമെന്ന ലക്ഷ്യവുമായി ചുരമിറങ്ങിയ കലാകാരൻ. അരങ്ങിൽനിന്ന് അരങ്ങിലേക്കുള്ള തുടർച്ചയായ ഓട്ടം. ഇന്നിപ്പോൾ അസുഖബാധിതനായി ചികിത്സയിലിരിക്കുമ്പോഴും വാക്കിലും നോക്കിലും നിറയുന്ന നാടകവർത്തമാനം.
കാടിന്റെ മണമാണ് സ്വപ്‌നങ്ങൾക്കും
അട്ടപ്പാടിയെ അരങ്ങിനോട് ചേർത്തുവച്ച ഒരു കഥയാണിത്. അതത്രയൊന്നും എളുപ്പവുമായിരുന്നില്ല. ജീവിക്കാനായുള്ള തത്രപ്പാടുമായി ഒരു കൂട്ടം മനുഷ്യർ. അവന്റെ ആധിയും വ്യാധിയും പാട്ടും നൃത്തവും നാടകവുമായി മാറുന്ന വേളയിൽ മറ്റെല്ലാം മറക്കുന്നു. അവിടെയാണവർ ഒന്നിച്ചത്. ആവിഷ്‌കാരത്തിന്റെ മറുവഴികളിലേക്കുള്ള പ്രയാണം.
കാടിന്റെ മണമുള്ള സ്വപ്‌നങ്ങൾ ചേർത്തുവച്ച് കുപ്പുസ്വാമി പറഞ്ഞുതുടങ്ങി. കഷ്‌ടപ്പാട് നിറഞ്ഞ കുട്ടിക്കാലം. അട്ടപ്പാടിയിലെ അതിർത്തി ഗ്രാമമായ ആനക്കട്ടി ഊരിലാണ് ജനനം. ചുമട്ട് തൊഴിലാളിയായിരുന്നു അച്ഛൻ. അമ്മ ഇഷ്ടിക തൊഴിലാളിയും. അനിയന് ചായക്കടയിലും പണി കിട്ടി. അക്കാലത്ത് ഊരിലും കുടുംബത്തിലും ഉയർന്ന വിദ്യാഭ്യാസം നേടിയ ഏകയാൾ എന്ന ബഹുമതിയും എനിക്ക് സ്വന്തം. അഗളി സ്കൂളിൽ പത്താം ക്ലാസ് പരീക്ഷയിൽ തോറ്റവരെ പഠിപ്പിക്കാനും പരീക്ഷ എഴുതിക്കാനും ആരംഭിച്ച "കാനകം’ മറ്റൊരു വഴിത്തിരിവിനിടയാക്കി. അവിടെ നിന്നാണ് തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ നാടകപഠനം എന്ന സ്വപ്‌നമുണ്ടായത്. പഠിച്ച് പത്താം ക്ലാസ് വിജയിച്ചു. സംവിധാനം മുഖ്യവിഷയമാക്കി ബിടിഎ പഠനം പൂർത്തിയാക്കി. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ ആദ്യമായി എസ്‌എഫ്‌ഐ രൂപീകരിക്കാൻ നേതൃത്വം നൽകിയതും നല്ല ഓർമകളിൽ ഒന്നാണ്. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ആദ്യ ട്രൈബൽ യൂണിയൻ ഭാരവാഹിയുമായി. സ്കൂൾ ഓഫ് ഡ്രാമയിലെ ഡയറക്ടറായിരുന്ന ഡോ. രാമചന്ദ്രൻ മൊകേരിയാണ് സ്കൂൾ ഓഫ് ഡ്രാമയിലേക്ക് പഠനത്തിനായി വഴി തുറന്നത്. തുടർന്ന് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ ഇലക്‌ട്രോണിക് മീഡിയയിൽ എംഎസ്‌സിയും വിഷ്വൽ ഇഫക്‌ട്‌സിൽ സർട്ടിഫിക്കേഷൻ കോഴ്‌സും പൂർത്തിയാക്കി. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്‌ഡി ഗവേഷണം തുടരുന്നു.
കാടുതൊട്ട് ‘കാനകം’
ദാസന്നൂർ സ്വദേശി ഡി നാരായണൻ സ്ഥാപിച്ച ‘കാനക’ത്തിലെ തുടർപഠന വേളയിൽ അട്ടപ്പാടിയിലെ 192ഓളം ഊരുകളിൽ നാടകങ്ങൾ അരങ്ങിലെത്തിച്ചു. മല്ലി, കൊങ്കത്തി, നൊന്ത് വെന്ത മനസ്സ്, എമുത് സമുദായ എന്നീ നാടകങ്ങളുടെ സംവിധാനം, അഭിനയം എന്നിവ നിർവഹിച്ചു.
അഹാഡ്‌സിനു വേണ്ടി "കറുമ്പ്ളിസെമ്പിളി' എന്ന ഡോക്യുഫിക്‌ഷനിൽ അഭിനയിച്ചു. കേരളത്തിലെ ഗോത്രകലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ തുടക്കം കിർത്താഡ്‌സിലൂടെയാണ്. വയനാട്, കാസർകോട്, ഇടുക്കി, തിരുവനന്തപുരം, പാലക്കാട് ജില്ലയിൽ നാടകപ്രവർത്തനം നടത്തി. ആരോഗ്യവകുപ്പിനായി "എക്സ് പ്ളെക’, സംഗീത നാടക അക്കാദമി "ആട്ടം ഫോക്ക് ഫെസ്റ്റിവൽ’, വുമൺസ് തിയറ്റർ നിരീക്ഷ നാടകാഭിനയ കളരി, കുടുംബശ്രീക്ക് വേണ്ടി "വേലി’ എന്നിങ്ങനെ നിരവധി നാടകങ്ങൾ അരങ്ങിലെത്തിച്ചു. സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് 2018ൽ ലഭിച്ചു.
വിവിധ ഊരുകളിലെ നാൽപ്പതോളം കലാകാരന്മാരെ ഏകോപിപ്പിച്ച് "നമുക്കുനാമെ കലാ സാംസ്കാരിക സമിതി' രൂപീകരിച്ചു. ഗായിക നഞ്ചിയമ്മയും സമിതിയിൽ സജീവമാണ്.
ലോക്ഡൗൺ കാലത്ത് ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത കുട്ടികൾക്കുവേണ്ടി വേറിട്ട രീതിയിൽ പഠനകൂട്ടായ്മ ഒരുക്കി. അട്ടപ്പാടി ബ്ലോക്കിലെ അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലെ വിദൂരസ്ഥലങ്ങളായ ഊരുകളിൽ പുസ്തകസഞ്ചി എത്തിച്ചു. കുടുംബശ്രീയുടെ ഭാഗമായ ബ്രിഡ്ജ് സ്കൂളിൽ നാടക പരിശീലനം, ഐടിഡിപി അട്ടപ്പാടി, കില, സംസ്ഥാന ശിശു ക്ഷേമ വകുപ്പ്, അട്ടപ്പാടിയിലെ വിവിധ ഹോസ്റ്റലുകളിലെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി സംഘടിപ്പിച്ച നാടക പരിശീലന കളരി, എൻഎസ്എസ് ക്യാമ്പ്, സ്കൂൾ കോളേജ് എന്നിവിടങ്ങളിൽ നാടക പരിശീലനം നൽകി.
കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ "നാടക്' അട്ടപ്പാടി മേഖലാ പ്രസിഡന്റായിരുന്നു. "ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന മലയാളം സിനിമയിൽ അഭിനയിച്ചു. ജിജു അശോകൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അഭിനയിച്ചു, ഒപ്പം സ്ക്രിപ്റ്റ് തമിഴിലേക്ക് പരിഭാഷപ്പെടുത്തി. നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിക്കുകയും സഹസംവിധാനം നിർവഹിക്കുകയും ചെയ്തു. സ്കൂൾ കലോത്സവത്തിലും വിദ്യാർഥികളെ നാടകം പരിശീലിപ്പിച്ചു. ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനൻ സംവിധാനം ചെയ്ത "ദബാരിക്കുരുവി' സിനിമയിലൂടെ അട്ടപ്പാടിയിലെ നിരവധി ഗോത്ര കലാകാരന്മാർക്ക് അവസരമൊരുക്കാനായി. ഗോത്ര വിഭാഗത്തിലെ കലാകാരന്മാർ മാത്രമാണ് അഭിനയിച്ചത് എന്നതാണ് ഈ സിനിമയുടെ സവിശേഷത. "ദബാരിക്കുരുവി’യുടെ തിരക്കഥ ഒരുക്കുകയും അഭിനയിക്കുകയും ചെയ്തു.
വഴിമാറിയ യാത്ര
ഒരു വർഷംമുമ്പ് പെട്ടെന്ന് ഉയരുന്ന ബ്ലഡ് പ്രഷർ എന്ന നിലയിലായിരുന്നു രോഗത്തിന്റെ തുടക്കം. പിന്നീടറിഞ്ഞു, കിഡ്‌നി തന്നെ മാറ്റിവയ്‌ക്കേണ്ട നിലയിലേക്ക് രോഗം ശക്തമായെന്ന്. ഇപ്പോൾ അട്ടപ്പാടി കോട്ടത്തറ ഗവ. സ്‌പെഷാലിറ്റി ട്രൈബൽ ആശുപത്രിയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് നടത്തുന്നു. ഇനി ദാതാവിനെ കിട്ടിയാൽ ശസ്‌ത്രക്രിയ നടത്തണം. മരുന്നിനും ചികിത്സയ്‌ക്കും വലിയ തുക വേണം. അതിനുള്ള ധനസമാഹരണത്തിനുള്ള ശ്രമത്തിലാണ്. എല്ലാത്തിനും നേതൃത്വം നൽകുന്നത് ‘നാടക്’ സംസ്ഥാന കമ്മിറ്റിയാണ്. ‘നാടക്’ പാലക്കാട് ജില്ലാ കമ്മിറ്റി ധനശേഖരണാർഥം ഒറ്റപ്പാലത്ത് നാടകോത്സവം നടത്തിയിരുന്നു. ജനറൽ സെക്രട്ടറി ജെ ശൈലജയാണ് എല്ലാ സഹായവുമായി കൂടെയുള്ളത്. ചേച്ചിയുൾപ്പെടെയുള്ള ഒരു കൂട്ടം നാടകപ്രവർത്തകരുടെ സ്‌നേഹവും കരുതലും എന്നും കരുത്താകുന്നു. ഭാര്യ ജയന്തിയും ധൈര്യം പകർന്ന് കൂടെയുണ്ട്. ഇതിനിടയിൽ കണ്ണിന്റെ കാഴ്‌ച മങ്ങി. ഒരു കണ്ണിന് ശസ്‌ത്രക്രിയ നടത്തി. മറ്റേ കണ്ണും ഉടൻതന്നെ ശസ്‌ത്രക്രിയ ചെയ്യണം. അസുഖം ഓരോ രൂപത്തിൽ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നു. അവിടെയൊന്നും തളരാതെ മുന്നോട്ടുതന്നെ നടക്കുകയാണ്. മുന്നിൽ ഒരു അരങ്ങ് എന്നെ കാത്തിരിക്കുമ്പോൾ, കളിക്കാനിരിക്കുന്ന ഏറെയേറെ നാടകങ്ങൾ എന്നെ നോക്കിയിരിക്കുമ്പോൾ, ഞാനെങ്ങനെ നിശ്ശബ്‌ദനായി ഇരിക്കും. അസുഖം ഒന്ന് കുറയട്ടെ. തിരിച്ചുവരണം ജീവിതത്തിന്റെ ഈ നാടകം കളിയും ചേർത്തുവച്ച് മുന്നിലെ അരങ്ങിലേക്ക്.










0 comments